ഒടുങ്ങാത്ത രോഷത്തിന്റെ മാംസകഷ്ണങ്ങള്‍
"ആ മൂരിയെ ഇൻക്ക് വീത്തണം. അയിന്റെ തലച്ചോറ് കൊണ്ട് ഇൻക്ക് അത്താഴം വെളമ്പണം "
2020 -ലെ മാതൃഭൂമി വിഷുകഥാപുരസ്‌കാരം നേടിയ രാഹുൽ മണപ്പാട്ടിന്റെ 'ഇറച്ചികൊമ്പ് 'എന്ന കഥ വർഗ്ഗ-വർണ്ണ ബോധത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പാണ്. ടി കെ സി വടുതലയുടെ 'അച്ചണ്ട വെന്തിങ്ങ ഇന്നാ'യിൽ പുലയനായിരുന്ന കണ്ടൻ കോരൻ ക്രൈസ്തവനായ ദേവസ്യ ആയപ്പോഴും ചേറിലാഴ്ത്തിയവർ തന്നെ ഒപ്പം കൂട്ടുമെന്ന ചിന്തയിൽ നിന്നും കഥയുടെ അവസാനം ജാതിമാറിയാലും സ്വത്വം മാറില്ല എന്ന തിരിച്ചറിവിൽ അയാൾ എത്തി നിൽക്കുന്നു. ദളിത് ക്രൈസ്തവൻ ആയതുകൊണ്ട് തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വന്ന പോത്തുജോയിയ്ക്ക് അച്ചൻ കുരിശ് വരച്ചത് അൾത്താരയിൽ നിന്നുമായിരുന്നു. ദളിതനായതുകൊണ്ടും ഇറച്ചിവെട്ടായതു കൊണ്ടും തങ്ങളെ അകറ്റി നിർത്തുന്ന ജനങ്ങളിൽ നിന്നും റെയ്ച്ചൽ ഒന്നും ആഗ്രഹിക്കുന്നില്ല. 'നീയൊക്കെ ഞങ്ങടെ കക്കൂസ് അടിച്ചു വൃത്തിയാക്കുന്ന ജന്തുക്കളാ 'എന്ന ഈനാശുവിന്റെ ആക്രോശത്തിൽ തന്നെ ജാതിവിവേചനത്തിന്റെ അറപ്പ് പ്രകടമാകുന്നു. ഇത്തരത്തിൽ ഉള്ള വിവേചനങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റവളാണ് റെയ്ച്ചൽ. വെറുമൊരു പെണ്ണ് എന്നുപറഞ്ഞ് അവളെ ഒതുക്കാനാവില്ല. വാക്കിലും പ്രവർത്തിയിലും നോട്ടത്തിലും ഉശിരുള്ളവൾ. തന്റെ മുലകൾ കാണുമ്പോൾ മൂത്രമൊഴിക്കാൻ മുട്ടുന്ന ഈനാശുവിന്റെ കിടുങ്ങാമണി വെട്ടിനുറുക്കണമെന്ന് പറയുന്ന ഒരു 'ആഷിക് അബു കഥാപാത്രം' എന്ന് വേണമെങ്കിൽ ചുരുക്കാം. പക്ഷെ ആ പരിധികളിൽ ഒന്നും റെയ്ച്ചൽ എന്ന പെണ്ണിനെ ഒതുക്കാൻ ആവില്ല.
റെയ്ച്ചലിന്റെ അതിജീവനകഥ എന്നതിനപ്പുറം അവൾ നടത്തുന്നത് ഒരുതരം വിപ്ലവമാണ്. ഭർത്താവ് ചാർത്തി കൊടുത്ത മച്ചി എന്ന പേര് നാട്ടുകാരും ഏറ്റുപാടി അത് കാറ്റുപോലെ പടർന്നപ്പോൾ കിണറ്റിൽ വീണു ചത്ത കെട്ടിയോന് ഒരു ദീർഘനിശ്വാസമെങ്കിലും നൽകാൻ മനസുകാണിച്ച തെരേസ ആണ് റെയ്ച്ചലിന്റെ ഇടംകൈ. അയാൾ അർഹിക്കുന്നതല്ലേ അവൾക്ക് അവളുടെ കെട്ടിയോന് കൊടുക്കാൻ പറ്റു!.രാവിലെ മുതൽ രാത്രി വരെ ഔസേപ്പിന്റെ വീട്ടിൽ പണിയെടുത്ത് ഒടുവിൽ കൊതിതീർത്ത് അയാൾ കെട്ടിത്തൂക്കിയ റെയ്ച്ചലിന്റെ അമ്മച്ചി പകുതി വഴിയിൽ ഇഴച്ചിൽ അവസാനിപ്പിക്കേണ്ടി വന്നവളാണ്. കാമവെറി മൂത്തപ്പോൾ ആവശ്യത്തിന് അങ്ങട് ഉപയോഗിച്ചു, ചണ്ടിയായപ്പോൾ കെട്ടിത്തൂക്കി അത്ര തന്നെ!
ആത്മധൈര്യവും ഇച്ഛാശക്തിയും കൈമുതലായിരുന്ന റെയ്ച്ചൽ തനിക്കു നേരെ വന്ന ഓരോ നോട്ടങ്ങൾക്കും പ്രശ്നങ്ങൾക്കുമെതിരെ തന്റെ ഇറച്ചിക്കത്തിയുടെ മൂർച്ച കൂട്ടി. അമ്മയും അച്ഛനും പോത്തിന്റെ ചൂരു മാറാത്ത, അവളെ നെഞ്ചിൽ കിടത്തിയുറക്കിയ നിക്കോളാസും മരിച്ചപ്പോൾ കരയാത്ത പെണ്ണ് ജോഷ്യായുടെ മരണത്തോടെ പതറുന്നു. അവസാനത്തെ കരച്ചിൽ ഒരുതരം വീണ്ടെടുക്കൽ ആണ്. തളരരുത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന ഒരു പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പ്. ജാതിവിവേചനങ്ങൾക്ക് അപ്പുറം ചോര കണ്ട് മനസ്സ് നിറച്ചിരുന്ന റെയ്ച്ചലിലേയ്ക്ക് പ്രണയം കടന്നു വരുന്നുണ്ട്. പോത്തിറച്ചി മണക്കുന്ന ആ പ്രണയത്തിന്റെ ചൂടും ചൂരും അനുഭവിച്ചിരുന്നത് നിക്കോളാസ് ആയിരുന്നു.
കഥയിൽ റെയ്ച്ചലിന്റെ യൗവനവും അത് കഴിഞ്ഞുള്ള കാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജോഷ്യായെ കാണുമ്പോൾ റെയ്ച്ചലിൽ മാതൃത്വം ഉണരുന്നുണ്ട്. യൗവനത്തിളപ്പിൽ നിൽകുമ്പോൾ കരയാതെ ഏത് സന്ദർഭത്തെയും സധൈര്യം നേരിട്ട റെയ്ച്ചലിൽ വായനക്കാർ പതർച്ച കാണുന്നത് ജോഷ്യായുടെ മരണത്തോടെയാണ്. മാംസം വിൽക്കുന്ന, അരികുവൽക്കരിക്കപ്പെട്ട, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നെല്ലാം മാറ്റിനിർത്തപ്പെട്ട ഫ്രാൻസ് ഫാനന്റെ പുസ്തകശീര്‍ഷകമെന്ന പോലെ 'പെറുക്കികളുടെ ലോക'ത്താണ് ഇവരൊക്കെ ജീവിക്കുന്നത്. അത്തരമൊരു ലോകത്തിൽ നിന്നുകൊണ്ട് അധികാരത്തിനെതിരെ,വ്യവസ്ഥയ്ക്കെതിരെയൊക്കെയായി നടത്തുന്ന നിരന്തരമായ പോരാട്ടമാണ്, പ്രതികാരമാണ് 'ഇറച്ചികൊമ്പി'ലൂടെ കാണുന്നത്. 'ഇതിനൊക്കെ പ്രതികാരം/ ചെയ്യാതടങ്ങുമോപതിതരെ /നിങ്ങൾ തൻ പിൻമുറക്കാർ ' എന്ന് ചങ്ങമ്പുഴ പറയുന്ന പോലെ ഇതുവരെ തങ്ങൾ നേരിട്ട അപമാനത്തിൽ നിന്നും ആത്മാംശത്തെ നശിപ്പിക്കുന്നതിനെതിരെയുമൊക്കെയുള്ള ബലികൊടുക്കലാണ്, ആത്മാഭിമാനം വീണ്ടെടുക്കലാണിവിടെ ഒടുക്കം കാണുന്നത്. ഇത് മലയാളകഥയുടെ പുതിയ ഭൂമികയിലേക്കുള്ള സഞ്ചാരമാണ്.
©ശില്പ എ
🔥👌👍
മറുപടിഇല്ലാതാക്കൂഇതിലും മികച്ച മറ്റൊന്ന് ഇനി കാണാൻ കഴിയില്ല എന്ന് ഉറപ്പുണ്ട്... ആശംസകളും അഭിനന്ദനങ്ങളും ശിൽപ❤️
മറുപടിഇല്ലാതാക്കൂ