സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ
'മൊഴിക്ക് '
_________________________________________
'ചേച്ചി, സൂര്യൻ എപ്പഴാ വര്വാ....'
ദിവസവും ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമൊക്കെ തമാശയായി ഉത്തരം പറഞ്ഞു കൊടുത്തു. പക്ഷെ ദിവസങ്ങൾ കഴിയുന്തോറും സൂര്യനെ അഗാധമായി സ്നേഹിക്കുന്ന ഒരു നാലുവയസ്സുകാരി പൂവിനെ ഞാൻ തിരിച്ചറിഞ്ഞു. ട്യൂഷൻ പഠിപ്പിക്കുന്നതിനിടയിൽ നമുക്ക് കുറച്ച് നേരം റസ്റ്റ് എടുത്താലോ എന്ന് ചോദിച്ച് കഥാപുസ്തകവുമായി റസ്റ്റ് എടുക്കാൻ വരുമ്പോഴും, കഥകൾ പറഞ്ഞു കൊടുക്കുമ്പോഴും അവളുടെ നോട്ടം ജനലിലൂടെ പുറത്തേക്കായിരുന്നു. നൂറുചോദ്യങ്ങൾ ചോദിക്കുമ്പോഴും തൊണ്ണൂറ്റിയൊൻപതെണ്ണവും സൂര്യനെകുറിച്ച് മാത്രം അറിയാൻ ആഗ്രഹിച്ച നിഷ്കളങ്കത.
'ഭൂമി കറങ്ങുമ്പോൾ നമ്മടെ തല എന്താ ചേച്ചി കറങ്ങാത്തെ?' അതിനു ഉത്തരം പറയാൻ തുടങ്ങും മുൻപ് അടുത്തത് വരും, സൂര്യനെ തൊട്ടാൽ നമുക്ക് പൊള്ളില്ലേ? അങ്ങനെ അങ്ങനെ നീളുന്നു ആ നിര. ചുട്ടുപൊള്ളുന്ന സൂര്യനെ പിടിക്കാൻ ഓടിയ ഹനുമാന്റെ കഥ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചപ്പോൾ സൂര്യൻ പാവം അല്ലെ അവനെ എന്തിനാ പിടിക്കുന്നെ എന്ന മറുചോദ്യം ചോദിച്ച് പുള്ളിക്കാരി എന്നെ മുളയിലേ നുള്ളി. ഇവളിൽ എങ്ങനെ സൂര്യനോടുള്ള ഈ സ്നേഹം ഉണ്ടായി വന്നു എന്ന് പലതവണ അറിയാൻ ശ്രമിച്ചപ്പോഴെല്ലാം 'എനിക്ക് സൂര്യനെ ഇട്ടവാ 'കൂടുതൽ ഒന്നും ചോദിക്കണ്ട എന്ന നോട്ടത്തിൽ ഒതുക്കും.
ജി യുടെ 'സൂര്യകാന്തി 'എന്ന കവിതയാണ് ഓർമ വരുന്നത്. അവളുടെ സൂര്യനോടുള്ള സ്നേഹം കൗതുകത്തിൽ നിന്ന് ഉണർന്നതാണ്. പുതിയതായി ലോകത്തേയ്ക്ക് ഇറങ്ങി വന്ന കുഞ്ഞുങ്ങൾക്ക് എല്ലാം പുതുമയുള്ള കാഴ്ചകളാണ്. സായാഹ്നത്തിൽ എത്തിയ ഒരാളുടെ മാനസികാവസ്ഥയല്ല പ്രഭാതത്തിൽ ഉണരുന്ന ഒരാളുടേത്. അത്തരമൊരു അവസ്ഥയാണ് ഏതൊരു കുട്ടിയ്ക്കുമുള്ളത്. ലോകമെല്ലാം അവൾക്ക് പുതിയതാണ്, അത് വെണ്മ നിറഞ്ഞതാണ്. നമ്മൾ മനസ്സിലാക്കിയ സൗരയൂഥത്തിലെ സൂര്യസങ്കല്പമല്ല അവൾ മനസിലാക്കുന്നത്. തന്നെപ്പോലെ രാവിലെ എണീറ്റു വരുന്ന വൈകിട്ട് ആകുമ്പോൾ കടലിൽ കുളിക്കാൻ പോകുന്ന ഒരാൾ.ഭാവനയുടെയും കുറച്ച് കൂടി വിസ്താരവും സ്നേഹവും നിറഞ്ഞ ലോകം.
" ആ മുഗ്ധപുഷ്പത്തെ കണ്ടില്ലായിരുന്നുവെങ്കിൽ
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ....... "
എന്റെ മുഗ്ധപുഷ്പത്തിന്......
©ശില്പ എ
നല്ല കുറിപ്പ്.❤️
മറുപടിഇല്ലാതാക്കൂനന്ദി ❤️
ഇല്ലാതാക്കൂനന്ദി ❤️
ഇല്ലാതാക്കൂ❤️
മറുപടിഇല്ലാതാക്കൂ