ജീവന്റെ കണക്കുപുസ്തകത്തില്‍ നിറയെ കഥകള്‍
അവിചാരിതമായിട്ടാണ് അഖിൽ എസ് മുരളീധരന്റെ "ജൈവജാതകം "വായിക്കാൻ ഇടയായത്. എനിക്ക് വേണ്ടി കാത്തിരുന്ന ഒരു പുസ്തകം. അമൂർത്തതയുടെ കഥകൾ മൂർത്തതയുടെ വിനിമയഭാഷയെ വിട്ട് അമൂർത്തതയിലേക്ക് മാറുന്ന തരത്തിൽ ഉള്ള ആഖ്യാനരീതി ആണ് ഇവിടെ എഴുത്തുകാരൻ സ്വീകരിച്ചിട്ടുള്ളത്. പ്രമേയത്തെ മുൻനിർത്തിയുള്ള കഥകൾ എന്നതിനപ്പുറം ആഖ്യാനത്തെ ആധാരമാക്കിയുള്ള, വളരെ അവിചാരിതമായൊരിടത്ത് നിന്നും ആരംഭിക്കുന്ന കഥകൾ ആണ് ജൈവജാതകത്തിൽ. അമൂർത്തമായ ഒന്നിൽ നിന്നും തുടങ്ങി അതിന്റെ വള്ളികൾ പടർന്നു കയറുന്ന അനുഭവമാണിവിടെ. മൂർത്തമായ യാഥാർത്ഥ്യം ഇവിടെ നിരാകരിക്കപ്പെടുന്നു. അത്തരത്തിൽ ഉള്ള വിനിമയ സാധ്യതകളെ ഉല്ലംഖിച്ച് ഇവിടെ മറ്റൊരു മേച്ചിൽപുറം തേടുന്നു. പൂർണ്ണമായും അത് സംവേദനക്ഷമമാണ് എന്ന് പറയാൻ ആകില്ല. കാരണം അതിന്റെ ഭാഷ മറ്റൊന്നാണ്. സാധാരണ ഭാഷയുടെ നിലയിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിക്രമണം ആണ് അവിടെ നടക്കുന്നത്. അതുതന്നെ ആണ് ജൈവജാതകത്തിൽ പൊതുവായി കാണുന്നതും. വ്യക്തിബന്ധങ്ങളും ആത്മഹത്യയും ഉന്മാദവും മറ്റൊരു തരത്തിൽ ആവിഷ്കരിക്കപ്പെടുന്നു. പതിനേഴു കഥകളും ജനിപ്പിക്കുന്ന ചിന്തകൾ പലതാണ്. ഒന്നിനൊന്നോട് വ്യത്യാസ്തം. ചിലത് ഉന്മാദത്തിന്റെ പരകോടിയിൽ നിന്നും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വായനക്കാരനെ കൊണ്ട് പോകാൻ ത്രാണിയുള്ളവ. ഗന്ധമായും ശബ്ദമായും കാമത്തിന്റെ പരകോടിയിൽ താൻ വാഗ്ദാനം ചെയ്ത സുഖത്തിന്റെ അളവിനാൽ മാത്രം അടയാളം ചെയ്ത ഒന്നിൽ നിന്നുമുള്ള കണ്ടെത്തലാണ് കഥയെന്ന് എഴുത്തുകാരൻ തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പതിനേഴു കഥകളിൽ ഏറെ ആകർഷിച്ച 'ആത്മഹത്യ 'എന്ന കഥയെപ്പറ്റി പറയാതെ വയ്യ. പല രീതിയിൽ മലയാള സാഹിത്യത്തിൽ ആത്മഹത്യ കൈകാര്യം ചെയ്തിട്ടുള്ള എഴുത്തുകാരുണ്ട്. പി സുരേന്ദ്രന്റെ 'ശൂന്യമനുഷ്യൻ 'എന്ന കൃതി ആത്മഹത്യയെപറ്റി മാത്രമാണ് ചർച്ച ചെയുന്നത്. എൻ പ്രഭാകരന്റെ 'തീയ്യൂർ രേഖകൾ 'ആത്മഹത്യയുടെ ഗ്രാമത്തിലേക്കുള്ള ഒരാളുടെ യാത്രയുടെ കഥയാണ്. വി പി ഷാജികുമാറിന്റെയും സന്തോഷ് ഏച്ചിക്കാനത്തിന്റേയും കഥകളിൽ പലതരത്തിൽ ആത്മഹത്യ പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ എല്ലാം തന്നെ ഒരു കാലഘട്ടത്തിന്റെ പൊതുസ്വഭാവമായി ആത്മഹത്യ അവതരിപ്പിക്കപ്പെടുന്നു. അൽബേർ കമ്യു പറഞ്ഞത് പോലെ 'ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ തത്വചിന്താപരമായ പ്രശ്നം ആത്മഹത്യയാണ്'. ഒരു കാലഘട്ടത്തിലെ യുവത്വം നിരന്തരം ആത്മഹത്യയിലേക്ക് പോയതിനെ ആണ് അവരൊക്കെ ആവിഷ്കരിച്ചത്. സുബ്രഹ്മണ്യ ദാസിനെപ്പോലെ 'നാമൊരു തോറ്റ ജനതയാണ് 'എന്ന് എഴുതി ആത്മഹത്യ ചെയ്ത നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അതൊക്കെ ഓരോ കഥയിലും അങ്ങിങ്ങായി കഥയുടെ ആഖ്യാനത്തെയും പ്രമേയത്തെയും സ്വാധീനിക്കുന്നുമുണ്ട്.
ഇവിടെ അഖിൽ എസ് മുരളീധരന്റെ ആത്മഹത്യ എന്ന കഥയിൽ ആസ്വാദനം മറ്റൊരു തലത്തിലേക്ക് മാറുന്നു. പ്രഥമ വായനയിൽ ഭർത്താവുമായുള്ള കലഹം മൂലം ഭാര്യ ആത്മഹത്യ ചെയുന്നു അത്ര മാത്രം. എന്നാൽ അതിനുമപ്പുറം ജീവിച്ചിരിക്കുന്ന മനുഷ്യരിൽ അതുവരെ കൂടെ ഉണ്ടായിരുന്ന ഒരാൾ സൃഷ്ടിക്കുന്ന ശൂന്യത എത്രത്തോളം ആണെന്ന് പറയാൻ വാക്കുകൾ മതിയാകില്ല. ഒരുപാടെഴുതുന്ന ഒരു മനുഷ്യന് തന്റെ ഭാര്യയെപറ്റി ആലോചിക്കുമ്പോൾ, അല്ലെങ്കിൽ എഴുതാൻ തുടങ്ങുമ്പോൾ സാധാരണഗതിയിൽ ഓർമ വരേണ്ടത് അവളുടെ സൗന്ദര്യമോ സ്വഭാവമോ അതുമല്ലെങ്കിൽ ശരീരമോ സ്നേഹമസൃണമായ പെരുമാറ്റങ്ങളോ ആണ്. ഈ ചിന്തകളിലൊക്കെ തന്നെ ഒരുതരം സ്ത്രീവിരുദ്ധത അന്തർലീനമായിരിക്കുന്നുഎന്ന് പറയാതെ വയ്യ. ഇവിടെ അയാൾക്ക് ആകെ അവളെപറ്റി എഴുതാൻ ഇരിക്കുമ്പോൾ ഓർമ വരുന്നത് തന്റെ ഭാര്യ ഉണ്ടാക്കുന്ന ചായയെപ്പറ്റി മാത്രമാണ്. എഴുതാൻ ഇരിക്കുമ്പോൾ അവൾ മേശമേൽ ചായകപ്പ് ഊക്കോടെ വെച്ചിട്ട് പോകാറുണ്ട് എന്ന് അയാൾ ഓർക്കുന്നു. അവളുടെ ഒരുതരം അസംതൃപ്തി അങ്ങനെ പ്രകടിപ്പിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളിൽ നിന്നുമാണ് വലിയ വഴക്കുകൾ ഉണ്ടാകുന്നത് എന്ന ബോധം ഉള്ളത് കൊണ്ട് തന്നെ നമ്മുടെ നായകൻ അത്തരം പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ കഷ്ടം ! കാരണത്താൽ ഭാര്യ ആത്മഹത്യ ചെയ്തു എന്ന് പറയുകയേ നിവൃത്തിയുള്ളൂ. ഭാര്യയുടെ മരണശേഷം ആകെയുണ്ടായിരുന്ന വീട്ടുസാമാനങ്ങൾ അയാൾ വിറ്റു. ഭാര്യയുണ്ടായിരുന്നപ്പോൾ മാത്രമേ അവയുടെ ആവശ്യം ഉണ്ടായിരുന്നുള്ളൂ എന്ന ഒരു ധ്വനി കൂടി അതിൽ ഒളിഞ്ഞു കിടക്കുന്നില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുക്കളയുടെ നാലുചുമരുകൾക്കുള്ളിൽ വീട്ടുസാമാനങ്ങളോട് മല്ലിടുന്ന ഒരു ശരീരം മാത്രം ആണ് ഭാര്യ എന്ന ക്ലീഷേ കഥാകൃത്ത് പ്രയോഗിക്കുന്നില്ല.
'ഒരാളുടെ മരണം മറ്റൊരാളിൽ അവശേഷിപ്പിച്ചു പോകുന്ന കുറേ അവസ്ഥകളുണ്ട് ' അത്തരമൊരു ശൂന്യതയെ ഒറ്റപ്പെടൽ എന്നൊക്കെ പറയാമെങ്കിലും അവർ പോയികഴിഞ്ഞ ശേഷവും നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ചിരികളും കലഹങ്ങളും പിറുപിറുക്കലുകളും കേൾക്കാം. ഭാര്യയോടൊപ്പം, അവളെ ആദ്യമായി അറിഞ്ഞത് മുതൽ അവളോടൊപ്പം കഴിഞ്ഞ ആ മുറി അവളുടെ മരണശേഷം അയാൾക്ക് അസ്വസ്ഥമായി മാറി. കിടപ്പ് ഹാളിലേക്ക് മാറ്റി, കാറ്റുണ്ട് വാഹനങ്ങൾ പോകുന്നതിന്റെ ശബ്ദം കേൾക്കാം എന്നൊക്കെ ന്യായീകരണങ്ങൾ നിരത്താമെങ്കിലും കൂടെ ഉണ്ടായിരുന്ന ഒരാൾ മരിച്ചു കഴിഞ്ഞാൽ പിന്നെ ജനിക്കുന്നത് ഭയമായിരിക്കും. പല ശബ്ദങ്ങളും പിന്നീട് കേട്ടെന്നു വരാം. കുളിമുറിയിലോ അടുക്കളയിലോ ചുറ്റിതിരിയുന്ന ഒരാത്മാവ് എന്ന ഒറ്റ വാചകത്തിൽ അയാൾ ഭാര്യയുടെ സ്വത്വത്തെ ഒതുക്കി. അവളുടെ ലോകത്തിലേ നോക്കാൻ അയാൾ ശ്രമിച്ചിരുന്നില്ല എന്ന് വേണം പറയാൻ. അവളുടെ സൗന്ദര്യപിണക്കങ്ങളെ മാനിക്കാൻ അയാളിലെ ബഹുമാന്യനായ എഴുത്തുകാരന് കഴിഞ്ഞില്ല. തെറ്റു പറയാൻ കഴിയില്ലല്ലോ അവളുടെ ശ്വാസോച്ഛാസം പോലും ചിലപ്പോൾ ആവിപറക്കുന്ന പാത്രത്തിന്റെ സീൽക്കാരം പോലെ ആണ് അയാൾക്ക് തോന്നിയിട്ടുള്ളത്. എല്ലാം അയാളുടെ തോന്നലുകൾ മാത്രം ആണ്. ഭാര്യ മരിച്ച ദുഃഖത്തിൽ, അവളുടെ സാമീപ്യം അറിയുന്ന ശബ്ദമില്ലാതെ ഞരങ്ങി കഴിയുന്ന അവളെ തൊട്ടു നോക്കാൻ പോലുമാകാതെ ഗന്ധമായി മരണാന്തരജീവിതം നയിക്കുന്ന അവളെ അറിയുന്ന നിസ്സഹായനായ ഒരു ഭർത്താവ്. ഇത്രമാത്രം പറഞ്ഞു നിർത്തിയാൽ പ്രമേയം ഏറെകുറേ ഓക്കേ ആണ്. കൂടെ കുറച്ച് സഹതാപം കൂടി ഇട്ട് കൊടുത്താൽ സംഗതി ക്ലീൻ. കൂടെ ഉണ്ടായിരുന്നപ്പോൾ അവളെ അറിയാത്ത ഒരു പുരുഷന് മരണശേഷം എങ്ങനെ അവളെ അറിയാൻ കഴിയും? അത്തരമൊരു മനുഷ്യന്റെ അടുത്തേക്ക് നിശബ്ദത കീറിമുറിച്ച് കൊണ്ട് ഒരിക്കലും ഒരു സ്ത്രീ കടന്നു വരുമെന്ന് തോന്നുന്നില്ല. അയാളെ അസ്വസ്ഥപ്പെടുത്താൻ ആണെങ്കിൽ പോലും സ്ത്രീ മാത്രം എന്തുകൊണ്ട് ആണ് ആത്മഹത്യ ചെയ്താൽ ശബ്ദമായും കാറ്റായും മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നത്. എന്തുകൊണ്ട് ഒരു പുരുഷന്റെ ആത്മാവ് ആരെയും ശല്യപ്പെടുത്തുന്നതായി പറഞ്ഞു കേൾക്കുന്നില്ല? കലഹമുണ്ടാകുമ്പോൾ പുരുഷൻ ആത്മഹത്യയിലേക്ക് പോകാതിരിക്കാനുള്ള കാരണം എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനു ഒറ്റ കാരണമേയുള്ളൂ നാം ജീവിക്കുന്നത് ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലാണ്. എല്ലായിപ്പോഴും കുറ്റപ്പെടുത്തലുകൾ സ്ത്രീകളിലേക്ക് മാത്രമേ എത്തിപ്പെടുന്നുള്ളൂ. ഇത്തരമൊരു സമൂഹത്തിൽ പുരുഷന്മാരും സ്ത്രീകളും പുരുഷന്മാരെ മാത്രമാണ് അനുകൂലിക്കുന്നത്. അവൾക്ക് എന്തുകൊണ്ട് ക്ഷമിച്ചുകൂടാ? അവളൊരു പെണ്ണല്ലേ, അവനൊരു ആണല്ലേ, ആണുങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെ തന്നെ ആണ് എന്നിങ്ങനെ കേട്ടു തഴമ്പിച്ച കുറേ പദങ്ങളാൽ ചങ്ങലയ്ക്കിട്ട് കിടക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇവിടെ പെട്ടുപോയ ഓരോ സ്ത്രീയുമാണ് ഇത്തരം ചിന്തകളെ വളർത്തി കൊണ്ട് വന്നതും. മറ്റൊന്ന് പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾ വിഷാദത്തിലേക്ക് വീഴാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. അവർ ഉന്മാദികളായി പെട്ടെന്ന് തന്നെ മാറുന്നു. പരസ്പരം കരുത്ത് നൽകാതെ ജീവിക്കുന്ന കുടുംബബന്ധങ്ങളിൽ ഇത്തരം ആത്മഹത്യകൾ ഉണ്ടാകുന്നത് സ്വാഭാവികം ആണ്.
ഇര എപ്പോഴും സ്ത്രീകളാണ്. ബലി എന്ന് തന്നെ പറയാം. പഴയ ഗോത്രവർഗ സമൂഹങ്ങളിൽ ബലി നൽകപ്പെടുന്നത് സ്ത്രീകളേയോ കുട്ടികളേയോ ആയിരുന്നു. സമൂഹത്തിലെ രണ്ടാംകിട പൗരന്മാരായിട്ട് ഈ സ്വത്വങ്ങളെയെല്ലാം മുദ്രകുത്തപ്പെടുകയും അവരെ ബലി കൊടുക്കുകയും ചെയുന്ന ഉച്ചാടനക്രിയയുടെയൊക്കെ തലത്തിൽ നിന്ന് കൊണ്ടുള്ള മനോഭാവമാണ് ഇവിടെ ആഖ്യാതാവ് സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അത്തരത്തിൽ ബലികളാകുന്ന സ്ത്രീകൾ മലയാള സാഹിത്യത്തിൽ വളരെ കൂടുതലാണ്. അത് നോവലിൽ ആയാലും ചെറുകഥയിൽ ആയാലും സിനിമയിൽ ആയാലും. ഒരു സ്ത്രീയുടെ മരണം എന്നുള്ളത് അവളുടെ പ്രതിഷേധത്തിന്റെ സൂചന ആയിട്ടാണ് ആഖ്യാതാവ് ആവിഷ്കരിക്കുന്നതെങ്കിൽ പോലും എന്തുകൊണ്ട് സ്ത്രീ പ്രതിഷേധിക്കുന്നത് ആത്മഹത്യയിലൂടെ മാത്രമാകുന്നു? കാരണം മരണാന്തര ജീവിതത്തിൽ മാത്രമാണ് അവൾക്ക് വിജയം കൈവരിക്കാൻ കഴിയുന്നത് എന്ന ചിന്തയാണ്. അതിന് ആഗ്രഹം സഫലീകരിക്കാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സ്ത്രീയുടെ പ്രതികാര കഥയുടെ പരിവേഷവും നൽകും. പക്ഷെ മരണത്തിന് ഇപ്പുറമുള്ള ജീവിതത്തിൽ അവൾ ഇപ്പോഴും പരാജിതയാണ്.
കഥകൾ എല്ലായിപ്പോഴും നാം ജീവിക്കുന്ന ജീവിതത്തിന് സമാന്തരമായിട്ടുള്ള ഒരു ജീവിതത്തെ കെട്ടിപടുക്കുന്നു. സർഗ്ഗാത്മകത എന്നതിലുപരി അനുഭവങ്ങൾ കൊണ്ട് ജീവിതത്തെ ആഘോഷമാക്കിയ ഒരു എഴുത്തുകാരനെ അത്തരത്തിൽ ഉള്ള രചനകൾ സമൂഹത്തിന് നൽകാൻ കഴിയൂ. ഉന്മാദം, വ്യക്തി ബന്ധങ്ങൾ, ആത്മഹത്യ, പ്രണയം, കാമം എന്നിങ്ങനെ ജീവിതത്തിന്റെ നാനാമുഖങ്ങളെ കഥകളിലൂടെയും നോവലുകളിലൂടെയും മറ്റു സാഹിത്യരൂപങ്ങളിലൂടെയും കാണിച്ചു തരുമ്പോൾ അവയിൽ അന്തർലീനമായിരിക്കുന്നത് എഴുത്തുകാരന്റെ സത്തയാണ്. അത്തരത്തിൽ മൂർത്തതയുടെ വിനിമയ ഭാഷയെ മാറ്റി നിർത്തി അമൂർത്തതയിലേക്ക് സഞ്ചരിക്കുന്ന അഖിൽ എസ് മുരളീധരന്റെ കഥകൾ വായനക്കാരനെ നിരാശപ്പെടുത്താൻ ഇടയില്ല.
©ശില്പ എ
❤️🌺
മറുപടിഇല്ലാതാക്കൂ🙏🥰
ഇല്ലാതാക്കൂമികച്ച നിരീക്ഷണം... അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂ🥰🥰🙏🙏
ഇല്ലാതാക്കൂഈ ഇടയിൽ കണ്ട നിരീക്ഷണങ്ങളിൽ ഏറ്റവും മികച്ചത്... great effort dear👏👏👏
മറുപടിഇല്ലാതാക്കൂ🥰🥰😘😘❤️
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഅഖിൽ എസ്.മുരളീധരൻ്റെ ആത്മഹത്യ എന്ന ചെറുകഥ സ്ത്രീ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്നുള്ള ചങ്ങല പൊട്ടിച്ചെറിയലാണ് ....' ഒരു പക്ഷേ പക തീർക്കലാണ് ആത്മഹത്യ ...... എവിടെയും സ്ത്രീകൾ ഇപ്പോഴും എപ്പോഴും സ്വന്തം ജീവൻ ബലി കൊടുക്കപ്പെടേണ്ടി വരുന്നു ..... ശില്പ യുടെ ചെറുകഥാ നിരീക്ഷണം ധാരാളം സ്ത്രീ കഥാ പാത്രങ്ങളെ ഓർമ്മയിലേയ്ക്ക് കൊണ്ടുവന്നു...... ശില്ലക്കുട്ടിക്ക് അഭിനന്ദനങ്ങൾ
നന്ദി ടീച്ചർ 😘❤️
ഇല്ലാതാക്കൂആ സമാഹാരത്തിലെ ഇഷ്ടമായ കഥകളിലൊന്നാണ് 'ആത്മഹത്യ '. നന്നായി എഴുതി പഠനം.
മറുപടിഇല്ലാതാക്കൂനന്ദി 🥰🙏
ഇല്ലാതാക്കൂ